ഉദ്ദേശം / ഉദ്ദേശ്യം
കഴിഞ്ഞദിവസങ്ങളിൽ വായിച്ച ഒരു ജീവചരിത്രഗ്രന്ഥത്തിൽ " ഈ
ഉദ്ദേശത്തോടു കൂടിയല്ലാതെ ഒരൊറ്റ നാടകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടില്ല"
എന്നു വായിക്കാനിടയായി. എന്താണിതിന്റെ അർത്ഥം? നാടകപരിഭാഷയുടെ ലക്ഷ്യം
എന്താണെന്നുവ്യക്തമാക്കുകയാണ്. ഇവിടെ ലക്ഷ്യമെന്നർത്ഥം കിട്ടാനുപയോഗിച്ചിരിക്കുന്ന
പദം ഉദ്ദേശമാണ്. അങ്ങനെയൊരർത്ഥം ആ പദത്തിനില്ല. ചൂണ്ടിക്കാണിക്കുന്നത്, ഏകദേശം എന്നിങ്ങനെയാണ്
ആ പദത്തിന്റെ അർത്ഥങ്ങൾ. ലക്ഷ്യം, മുഖ്യവിഷയം എന്നീ അർത്ഥങ്ങളിലുപയോഗിക്കുന്ന പദമാണ് ഉദ്ദേശ്യം.
അപ്പോളിവിടെ ഉദ്ദേശമല്ല, ഉദ്ദേശ്യമാണുവേണ്ടത്. "ഈ ഉദ്ദേശ്യത്തോടു കൂടിയല്ലാതെ
ഒരൊറ്റ നാടകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടില്ല" എന്നാണ് എഴുതേണ്ടിയിരുന്നത്
പിന്നോക്കം/ മുന്നോക്കം
മലയാളത്തിലെ പ്രസിദ്ധമായ ഒരു ചെറുകഥയിൽ ഇങ്ങനെ വായിച്ചു.
"അതിനിടയിൽ ആ നരിച്ചീർ പിന്നോക്കം ഞെട്ടിത്തെറിച്ചു പറന്നുമാറി."
നമ്മുടെ മാദ്ധ്യമങ്ങളിൽ പലതിലും പിന്നോക്കം/മുന്നോക്കം എന്നിങ്ങനെ കാണുകയും
കേൾക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ പദങ്ങൾ ഇങ്ങനെയാണോ? നമ്മുടെ
ഭാഷാവ്യാകരണം ഇവ അനുസരിക്കുന്നുണ്ടോ? നമുക്കുനോക്കാം. ആക്കത്തിൽ പിന്നിലായി
പോയതു ( പിന്ന് + ആക്കം) പിന്നാക്കവും ആക്കത്തിൽ മുന്നിലായി പോയതു ( മുന്ന് +
അക്കം) മുന്നാക്കവുമാണ്. അല്ലാതെ പിന്നോക്കവും മുന്നോക്കവുമല്ല. ഓകാരം ചേരുന്ന
രൂപം ഗ്രാമ്യമാണെന്നു ചിലർ അഭിപ്രായപ്പെടുന്നതും കേൾക്കാം.
പ്രാസംഗികനോ?
"ഒരു പ്രാസംഗികനു ചെയ്യാവുന്ന ഏറ്റവും വലിയ അബദ്ധം തനിക്കു
പറയാനുള്ള കാര്യങ്ങൾ പറഞ്ഞു തീർന്നതിനു ശേഷവും സംസാരിച്ചുകൊണ്ടിരിക്കുക
എന്നതാണ്." മലയാളത്തിലെ പ്രസിദ്ധമായ ഒരു പുസ്തകത്തിൽ ഇങ്ങനെ
വായിക്കാനിടയായപ്പോളാണു ഞാൻ പ്രസംഗമെന്ന പദം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ ശ്രദ്ധ
സുവിശേഷപ്രാസംഗികനെന്നു പോസ്റ്ററുള്ള മതിലും കടന്നു മതപ്രാസംഗികരിൽ വരെയെത്തി.
സദസ്സിനോടു സംസാരിക്കുന്നവൻ പ്രാസംഗികനോ? ശ്രദ്ധിച്ചപ്പോൾ മനസ്സിലായത്
പ്രാസംഗികനെന്ന പദം ഈ അർത്ഥത്തിൽ പ്രയോഗിക്കുന്നതു തെറ്റാണെന്നാണ്. പ്രസംഗവശാൽ, അല്ലെങ്കിൽ ഒരാൾ
പ്രസംഗിച്ചു കൊണ്ടുനിൽക്കുമ്പോൾ അവിടേക്കു കടന്നു വരുന്ന ആളാണ് പ്രാസംഗികൻ.
പ്രസംഗിക്കുന്നയാളെ പ്രസംഗകൻ എന്നാണ് പറയേണ്ടത്.
ചരമ അറിയിപ്പ്
സഞ്ചയനക്കുറി കണ്ടപ്പോളാണു സംശയം ഇരട്ടിച്ചത്. ചരമ അറിയിപ്പ്
ആണോ ചരമയറിയിപ്പ് ആണോ.. ഏതാണ് കൂടുതൽ ശരി? ചരമം അറിയിപ്പ് എന്നും മറ്റു ചിലയിടങ്ങളിൽ
കാണാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യയം ലോപിച്ച ചരമ എന്ന പദവുമായി അറിയിപ്പുചേർത്തെഴുതി
ചരമയറിയിപ്പ് ആക്കുന്നതല്ലേ ഭാഷാപരമായി കൂടുതൽ ശരി?
അതുപോലെ ഒന്നാണ് നമ്മുടെ മാദ്ധ്യമങ്ങൾ ചരമയറിയിപ്പു നല്കുന്ന
രീതിയും. സ്ത്രീയാണു മരിച്ചതെങ്കിൽ ഭർത്താവിന്റെ (പരേതനാണെങ്കിലും) പേരു പറഞ്ഞതിനു
ശേഷം മാത്രമേ പരേതയുടെ പേരു പറയുകയുള്ളൂ. അതുപോലെ പ്രസിദ്ധരായ മക്കളുണ്ടെങ്കിൽ
അവരുടെ പേരു വലുതായി കൊടുത്തിട്ടാണ് മരിച്ചയാളിന്റെ പേരു പറയുന്നത്. നമ്മൾ
ചിന്തിക്കേണ്ട കാര്യം ഇവിടെ ആർക്കാണ് പ്രാധാന്യം ലഭിക്കുന്നത് എന്നതാണ്.
അർഹിക്കുന്ന പ്രാധാന്യം മരിച്ചയാൾക്കു വാർത്തയിൽ ലഭിക്കുമോ? ഇതൊരു സംശയം മാത്രം.
ഒരുപക്ഷേ ഈ രീതി മരിച്ചയാളെ പെട്ടെന്ന് തിരിച്ചറിയാൻ ഉപകരിക്കും എന്നതാകാം കാരണം.
നിര്‍ണയനം
പരീക്ഷാമൂല്യനിർണയത്തിൽ ഫോർഡ് നമ്പർ ഉപയോഗിക്കുന്നതിനു തുല്യം, മൂല്യനിർണയം
പുനരാരംഭിച്ചു, സൗജന്യരോഗനിർണയ ക്യാമ്പ് എന്നീ വാചകങ്ങൾ കഴിഞ്ഞയാഴ്ച ഞാൻ
വായിക്കുകയും കേൾക്കുകയും ചെയ്തവയാണ്. അപ്പോളാണ് നിർണയം എന്ന പദത്തെക്കുറിച്ച്
അധികമായി ചിന്തിച്ചത്. നിർണയം തീർച്ചയും നിർണയനം തീർച്ചയാക്കലുമാണ്. അതായത് ഒരു
കാര്യം തീർച്ച (നിർണയം)പ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന പ്രവൃത്തി (ക്രിയ)യാണ്
നിർണയനം. പരീക്ഷയുടെ മൂല്യം നിർണയിക്കുന്നത് മൂല്യനിർണയനം നടത്തിയാണ്. അപ്പോൾ
മൂല്യനിർണയം പുനരാരംഭിച്ചുയെന്നല്ല, മൂല്യനിർണയനം പുനരാരംഭിച്ചുയെന്നു
പറയുന്നതാണു ശരി. ഇതുപോലെ രോഗമുണ്ടോയെന്നു സൗജന്യമായി പരിശോധിക്കുന്നക്യാമ്പിന്
സൗജന്യരോഗനിർണയക്യാമ്പ് എന്നല്ല, സൗജന്യരോഗനിർണയനക്യാമ്പ് എന്നുതന്നെ എഴുതണം. അതു മറക്കരുത്.
ഇതു കൂടി ശ്രദ്ധിക്കൂ... വിമർശനം എന്നാൽ വിമർശിക്കുകയെന്ന
വർത്തമാനകാല ക്രിയയാണ്. വിമർശം ആ ക്രിയയുടെ ഫലവും. ഒരു പുസ്തകത്തെക്കുറിച്ച് ഒരാൾ
നടത്തുന്ന വിമർശനമാണ് നമ്മൾ വായിക്കുന്ന വിമർശം. ഇതുപോലെയുള്ള മറ്റു പദങ്ങളാണ്
സ്പർശം - സ്പർശനം ( ക്രിയ)
ഗൃഹപ്രവേശം - ഗൃഹപ്രവേശനം (ക്രിയ)
ആദരം - ആദരണം (ക്രിയ)
എന്നിവ.
No comments:
Post a Comment