പുരാണകഥാപാത്രങ്ങള്‍

പാതാളരാവണന്‍
*ലങ്കാധിപനായ* രാവണനെ കൂടാതെ ഒരു രാവണന്‍ കൂടി ഉണ്ടായിരുന്നു, അതാണ പാതാള രാവണന്‍.കമ്പരാമായണത്തിലാണ്‌ ഇദ്ദേഹത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ആ കഥ ഇങ്ങനെ..വിഷ്ണുഭഗവാനെ ഭയന്ന് പാതാളത്തില്‍ ഒളിച്ച് കഴിഞ്ഞ രാക്ഷസന്‍മാരുടെ നേതാവായിരുന്നു പാതാളരാവണന്‍.ബ്രഹ്മാവില്‍ നിന്ന് വരം നേടിയ ഇദ്ദേഹം അഹങ്കാരിയായി മാറുകയും രാക്ഷസരൊഴികയുള്ള ജാതികളെ ഉപദ്രവിക്കുകയും ചെയ്ത് പോലും.വരമണി എന്ന ഇന്ദ്രനീല രത്നം ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നു, അത് പിളര്‍ന്നാല്‍ മാത്രമേ ഈ ദുഷ്ടനെ കൊല്ലുവാന്‍ സാധിക്കുകയുമുള്ളു.രാക്ഷസന്‍ അഹങ്കാരി ആയതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല!!
വര്‍ഷങ്ങള്‍ കഴിഞ്ഞു..
രാമരാവണയുദ്ധ സമയമായി..
ലങ്കാധിപനായ ദശമുഖരാവണന്‍ ശ്രീരാമദേവനു മുമ്പില്‍ പരാജയപ്പെട്ട് തുടങ്ങി.അങ്ങനെയാണ്‌ രാവണന്‍ ദൂതനെ അയച്ച് പാതാള രാവണനെ ലങ്കയില്‍ വരുത്തിയത്.രാവണനും രാവണനും ഒന്ന് ചേര്‍ന്നു!!
ശ്രീരാമലക്ഷ്മണന്‍മാരെ നിഗ്രഹിക്കണം, അതാണ്‌ അവരുടെ ലക്ഷ്‌യം.
സമയം രാത്രിയായി..
സുഗ്രീവനും വിഭീഷണനും യുദ്ധമുഖത്തിരുന്ന് എന്തെല്ലാമോ ചര്‍ച്ച ചെയ്യുന്നു.ലക്ഷ്മണന്‍റെ മടിയില്‍ തല വച്ച് ശ്രീരാമന്‍ വിശ്രമിക്കുകയാണ്.ശ്രീരാമനെയും ലക്ഷ്മണനെയും ചുറ്റി ഹനുമാന്‍ സ്വന്തം വാല്‍ കൊണ്ട് ഒരു കോട്ട പോലെ ഉണ്ടാക്കിയിരിക്കുന്നു.
എന്ത് ചെയ്യും??
പാതാള രാവണന്‍ കുറേ ആലോചിച്ചു..
ഒടുവില്‍ പാതാളത്തില്‍ നിന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി.അത് വഴി ഹനുമാന്‍ ഉണ്ടാക്കിയ വാല്‍ കോട്ടക്ക് അകത്ത് പ്രവേശിക്കുകയും, അദൃശ്യനായി നിന്ന് ദിവ്യാഷൌധം മണപ്പിച്ച് ശ്രീരാമലക്ഷ്മണന്‍മാരെ മയക്കുകയും ചെയ്തു.തുടര്‍ന്ന് തുരങ്കത്തിലൂടെ അവരെയും എടുത്ത് പാതാളത്തിലേക്ക് യാത്രയായി.
പാതാളത്തില്‍ ഒരു മഹാകാളി ക്ഷേത്രമുണ്ട്.അവിടെയെത്തിയ പാതാള രാവണന്‍ നരബലിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.പ്രഭാതത്തിനു മുന്നേ ശ്രീരാമലക്ഷ്മണന്‍മാരെ ബലി കൊടുക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്‌യം!!
സമയം അര്‍ദ്ധരാത്രി കഴിഞ്ഞു..
വെറുതെ തന്‍റെ വാല്‍കോട്ട പരിശോധിച്ച ഹനുമാന്‍ ഞെട്ടി പോയി..
ശ്രീരാമലക്ഷ്മണന്‍മാരെ കാണാനില്ല!!
വിവരമറിഞ്ഞ് ഓടിയെത്തിയ വിഭീഷണന്‌ സംഭവം മനസിലായി.അങ്ങനെ അവര്‍ സൈന്യസമേതരായി പാതാളത്തിലെത്തി.അവിടെ വച്ച് വിഭീഷണന്‍ പറഞ്ഞത് അനുസരിച്ച് അന്തപുരത്തില്‍ സൂക്ഷിച്ചിരുന്ന വരമണി എടുക്കുകയും അത് വായില്‍ ഇടുകയും ചെയ്തു.തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തി പാതാള രാവണനുമായി ഏറ്റ് മുട്ടി.
അതിഭയങ്കര യുദ്ധം!!
ഹനുമാനെ ചാടി ആക്രമിച്ച് കൊണ്ട് പാതാള രാവണന്‍!!
ഒരോ അടിയും ഒഴിഞ്ഞ് മാറിയ ഹനുമാന്‍ അവസാനം തന്‍റെ വാ തുറന്ന് കാണിച്ചു...
എന്താത്?
വരമണിയോ??
ഇത് എങ്ങനെ കൈയ്യിലെത്തി എന്ന് ചൊദിക്കാനുള്ള സമയം രാവണനു ലഭിച്ചില്ല, അതിനു മുന്നേ ഹനുമാന്‍ അത് കടിച്ച് പൊട്ടിച്ചു.അങ്ങനെ പാതാള രാവണന്‍റെ ലീലകള്‍ക്ക് അന്ത്യമായി.

ബ്രഹ്മാവിന്‍റെ പൌത്രനായ സുകേശന്‍റെ പുത്രനും, ലോകപ്രസിദ്ധനുമായ മാല്യവാന്‍റെ സഹോദരി പുത്രനാണ ഈ പാതാള രാക്ഷസന്‍.
അംബരീഷന്‍
               പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.
ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.
കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.
വിനയവും ക്ഷമയും നമുക്കുണ്ടാകണം. പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്. അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

പിന്നെ, ദുര്‍വാസാവുമഹര്‍ഷിയ്ക്കുപോലും ഇങ്ങനെ അബദ്ധങ്ങള്‍ പറ്റിയെങ്കില്‍ നമ്മളൊക്കെ എത്ര സൂക്ഷിച്ചു പെരുമാറണം! അല്ലേ? തന്നോട്, അപ്രിയം ചെയ്യുന്നവരോടുപോലും പ്രതികാരബുദ്ധി ഇല്ലാതിരിക്കണം.
          ജടായു

ദേവന്മാരും മനുഷ്യരും രാക്ഷസരും മാത്രമല്ല, കുരങ്ങന്മാരും പക്ഷികളുമൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളാണ്. സമ്പാതിയും ജടായുവുമാണ് ജ്യേഷ്ഠാനുജന്മാരായ രണ്ട് പക്ഷിശ്രേഷ്ഠന്മാര്‍. ഇവര്‍ രണ്ടുപേരും ശ്രീരാമന്റെ സഹായികളായി കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരാണ്. രാവണന്‍ സീതാദേവിയെ അപഹരിച്ച് കൊണ്ടുപോകുന്നതിന് ഏകസാക്ഷിയായിരുന്നു ജടായു. ഹാഹാരാഘവ സൗമിത്രേ…’ എന്നുള്ള സീതയുടെ ഭയംനിറഞ്ഞ നിലവിളി കേട്ടാണ് ജടായു എത്തിച്ചേരുന്നത്. പട്ടി ഹോമദ്രവ്യം കട്ടുകൊണ്ടുപോകുന്നതുപോലെ എന്റെ സ്വാമിതന്‍ പത്‌നിയെ എവിടേക്കാണ് കൊണ്ടുപോകുന്നത് മൂഢാത്മാവേഎന്ന് ചോദിച്ചുകൊണ്ടാണ് ജടായു വഴിമധ്യേ രാവണനെ തടയുന്നത്. ചിറകാര്‍ന്ന പര്‍വതം പോലെഎന്നാണ് എഴുത്തച്ഛന്‍ ജടായുവിനെ വിശേഷിപ്പിക്കുന്നത്. ജടായുവിന്റെ ചിറകടിയില്‍ നിന്നുള്ള കാറ്റേറ്റ് സമുദ്രം പ്രക്ഷുബ്ധമാവുകയും പര്‍വതങ്ങള്‍ ഇളകുകയും ചെയ്തുവത്രെ! അത്രയും ശക്തനായിരുന്നു ആ പക്ഷി. രാവണന്റെ ചാപങ്ങളെ ജടായു പൊടിച്ചുകളഞ്ഞു. പത്ത് മുഖങ്ങളും കാല്‍നഖംകൊണ്ട് കീറിമുറിച്ചു. മൂര്‍ച്ചയുള്ള കൊക്കുകൊണ്ട് തേര്‍ത്തടം തകര്‍ത്തു. കാല്‍ക്ഷണംകൊണ്ട് കുതിരകളെയെല്ലാം കൊന്നുവീഴ്ത്തി. ജടായുവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ രാവണന്‍ ചഞ്ചലനായി. തന്റെ യാത്ര മുടങ്ങുക മാത്രമല്ല കീര്‍ത്തി മുടിയുകയും ചെയ്യും എന്നുഭയന്ന രാവണന്‍ ചന്ദ്രഹാസംകൊണ്ട് ജടായുവിന്റെ ചിറകുകള്‍ അരിഞ്ഞു. നിസ്സഹായനായി ജടായു നിലത്തുവീണു. തന്റെ ഭര്‍ത്താവിനെക്കണ്ട് വിവരങ്ങള്‍ പറഞ്ഞല്ലാതെ ജീവന്‍ വെടിയില്ലെന്ന് സീതാദേവി അനുഗ്രഹിച്ചതനുസരിച്ച് ജടായു രാമനെ കാത്തുകിടന്നു. സീതയെത്തേടി രാമലക്ഷ്മണന്മാര്‍ അലഞ്ഞുനടക്കുമ്പോഴാണ്, തകര്‍ന്നുകിടക്കുന്ന രാവണരഥവും സമീപത്തായി കിടക്കുന്ന ജടായുവിന്റെ ഘോരരൂപവും രാമലക്ഷ്മണന്മാര്‍ കാണുന്നത്. വധിക്കാനടുത്ത രാമനോട്, താന്‍ വധ്യനല്ലെന്നും രാമന്റെ ഭക്തദാസനും ദശരഥന്റെ മിത്രവുമായ ജടായുവാണെന്നുമാണ് സ്വയം പരിചയപ്പെടുത്തുന്നത്. രാവണന്‍ ദേവിയെ ദക്ഷിണദിക്കിലേക്ക് കൊണ്ടുപോയിഎന്നുപറയാനേ ജടായുവിന് കഴിഞ്ഞുള്ളൂ. തൃക്കഴലിണ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണംഎന്നായിരുന്നു ഭക്തനായ ജടായുവിന്റെ അന്ത്യാഭിലാഷം. രാമന്റെ തൃക്കൈകൊണ്ടുള്ള തലോടലേറ്റുകൊണ്ടുതന്നെ ജടായു ജീവന്‍വെടിഞ്ഞു. പിതൃമിത്രംകൂടിയായ ജടായുവിന്റെ മൃതശരീരം രാമന്‍ മടിയില്‍വെച്ച് കണ്ണീര്‍വാര്‍ത്തു. പിന്നീട് ലക്ഷ്മണന്‍ ഒരുക്കിയ ചിതയില്‍വെച്ച് ഉദകക്രിയകളെല്ലാം അനുഷ്ഠിച്ചു. സൂര്യതുല്യം ശോഭയോടുകൂടി വിഷ്ണു പാര്‍ഷദന്മാരാല്‍ സ്വീകരിക്കപ്പെട്ടാണത്രെ ജടായു വിഷ്ണുലോകം പൂകിയത്. അതിനുമുമ്പേ രാമനെ കൈക്കൂപ്പിക്കൊണ്ട് ജടായു നടത്തിയ സ്തുതി രാമനാല്‍ ശ്ലാഘിക്കപ്പെട്ടു. വെറും പക്ഷിയായിരുന്നിട്ടും വിഷ്ണു സാരൂപ്യം പ്രാപിച്ച് ബ്രഹ്മപൂജിതപദം പ്രാപിക്കാന്‍ തന്റെ ഭക്തികൊണ്ടും ത്യാഗംകൊണ്ടും ജടായുവിന് സാധിച്ചു.

No comments:

Post a Comment