Sunday, October 18, 2020

 

                                                            ഉദ്ദേശം / ഉദ്ദേശ്യം
കഴിഞ്ഞദിവസങ്ങളിൽ വായിച്ച ഒരു ജീവചരിത്രഗ്രന്ഥത്തിൽ " ഈ ഉദ്ദേശത്തോടു കൂടിയല്ലാതെ ഒരൊറ്റ നാടകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടില്ല" എന്നു വായിക്കാനിടയായി. എന്താണിതിന്റെ അർത്ഥം? നാടകപരിഭാഷയുടെ ലക്ഷ്യം എന്താണെന്നുവ്യക്തമാക്കുകയാണ്. ഇവിടെ ലക്ഷ്യമെന്നർത്ഥം കിട്ടാനുപയോഗിച്ചിരിക്കുന്ന പദം ഉദ്ദേശമാണ്. അങ്ങനെയൊരർത്ഥം ആ പദത്തിനില്ല. ചൂണ്ടിക്കാണിക്കുന്നത്, ഏകദേശം എന്നിങ്ങനെയാണ് ആ പദത്തിന്റെ അർത്ഥങ്ങൾ. ലക്ഷ്യം, മുഖ്യവിഷയം എന്നീ അർത്ഥങ്ങളിലുപയോഗിക്കുന്ന പദമാണ് ഉദ്ദേശ്യം. അപ്പോളിവിടെ ഉദ്ദേശമല്ല, ഉദ്ദേശ്യമാണുവേണ്ടത്. "ഈ ഉദ്ദേശ്യത്തോടു കൂടിയല്ലാതെ ഒരൊറ്റ നാടകവും അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടില്ല" എന്നാണ് എഴുതേണ്ടിയിരുന്നത്

                                             പിന്നോക്കം/ മുന്നോക്കം
മലയാളത്തിലെ പ്രസിദ്ധമായ ഒരു ചെറുകഥയിൽ ഇങ്ങനെ വായിച്ചു. "അതിനിടയിൽ ആ നരിച്ചീർ പിന്നോക്കം ഞെട്ടിത്തെറിച്ചു പറന്നുമാറി." നമ്മുടെ മാദ്ധ്യമങ്ങളിൽ പലതിലും പിന്നോക്കം/മുന്നോക്കം എന്നിങ്ങനെ കാണുകയും കേൾക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഈ പദങ്ങൾ ഇങ്ങനെയാണോ? നമ്മുടെ ഭാഷാവ്യാകരണം ഇവ അനുസരിക്കുന്നുണ്ടോ? നമുക്കുനോക്കാം. ആക്കത്തിൽ പിന്നിലായി പോയതു ( പിന്ന് + ആക്കം) പിന്നാക്കവും ആക്കത്തിൽ മുന്നിലായി പോയതു ( മുന്ന് + അക്കം) മുന്നാക്കവുമാണ്. അല്ലാതെ പിന്നോക്കവും മുന്നോക്കവുമല്ല. ഓകാരം ചേരുന്ന രൂപം ഗ്രാമ്യമാണെന്നു ചിലർ അഭിപ്രായപ്പെടുന്നതും കേൾക്കാം.


                                  പ്രാസംഗികനോ?
"
ഒരു പ്രാസംഗികനു ചെയ്യാവുന്ന ഏറ്റവും വലിയ അബദ്ധം തനിക്കു പറയാനുള്ള കാര്യങ്ങൾ പറഞ്ഞു തീർന്നതിനു ശേഷവും സംസാരിച്ചുകൊണ്ടിരിക്കുക എന്നതാണ്." മലയാളത്തിലെ പ്രസിദ്ധമായ ഒരു പുസ്തകത്തിൽ ഇങ്ങനെ വായിക്കാനിടയായപ്പോളാണു ഞാൻ പ്രസംഗമെന്ന പദം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ ശ്രദ്ധ സുവിശേഷപ്രാസംഗികനെന്നു പോസ്റ്ററുള്ള മതിലും കടന്നു മതപ്രാസംഗികരിൽ വരെയെത്തി. സദസ്സിനോടു സംസാരിക്കുന്നവൻ പ്രാസംഗികനോ? ശ്രദ്ധിച്ചപ്പോൾ മനസ്സിലായത് പ്രാസംഗികനെന്ന പദം ഈ അർത്ഥത്തിൽ പ്രയോഗിക്കുന്നതു തെറ്റാണെന്നാണ്. പ്രസംഗവശാൽ, അല്ലെങ്കിൽ ഒരാൾ പ്രസംഗിച്ചു കൊണ്ടുനിൽക്കുമ്പോൾ അവിടേക്കു കടന്നു വരുന്ന ആളാണ് പ്രാസംഗികൻ. പ്രസംഗിക്കുന്നയാളെ പ്രസംഗകൻ എന്നാണ് പറയേണ്ടത്.

                                                                         ചരമ അറിയിപ്പ് 
സഞ്ചയനക്കുറി കണ്ടപ്പോളാണു സംശയം ഇരട്ടിച്ചത്. ചരമ അറിയിപ്പ് ആണോ ചരമയറിയിപ്പ് ആണോ.. ഏതാണ് കൂടുതൽ ശരി? ചരമം അറിയിപ്പ് എന്നും മറ്റു ചിലയിടങ്ങളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യയം ലോപിച്ച ചരമ എന്ന പദവുമായി അറിയിപ്പുചേർത്തെഴുതി ചരമയറിയിപ്പ് ആക്കുന്നതല്ലേ ഭാഷാപരമായി കൂടുതൽ ശരി?
അതുപോലെ ഒന്നാണ് നമ്മുടെ മാദ്ധ്യമങ്ങൾ ചരമയറിയിപ്പു നല്കുന്ന രീതിയും. സ്ത്രീയാണു മരിച്ചതെങ്കിൽ ഭർത്താവിന്റെ (പരേതനാണെങ്കിലും) പേരു പറഞ്ഞതിനു ശേഷം മാത്രമേ പരേതയുടെ പേരു പറയുകയുള്ളൂ. അതുപോലെ പ്രസിദ്ധരായ മക്കളുണ്ടെങ്കിൽ അവരുടെ പേരു വലുതായി കൊടുത്തിട്ടാണ് മരിച്ചയാളിന്റെ പേരു പറയുന്നത്. നമ്മൾ ചിന്തിക്കേണ്ട കാര്യം ഇവിടെ ആർക്കാണ് പ്രാധാന്യം ലഭിക്കുന്നത് എന്നതാണ്. അർഹിക്കുന്ന പ്രാധാന്യം മരിച്ചയാൾക്കു വാർത്തയിൽ ലഭിക്കുമോ? ഇതൊരു സംശയം മാത്രം. ഒരുപക്ഷേ ഈ രീതി മരിച്ചയാളെ പെട്ടെന്ന് തിരിച്ചറിയാൻ ഉപകരിക്കും എന്നതാകാം കാരണം.

                                               നിര്‍ണയനം 
പരീക്ഷാമൂല്യനിർണയത്തിൽ ഫോർഡ് നമ്പർ ഉപയോഗിക്കുന്നതിനു തുല്യം, മൂല്യനിർണയം പുനരാരംഭിച്ചു, സൗജന്യരോഗനിർണയ ക്യാമ്പ് എന്നീ വാചകങ്ങൾ കഴിഞ്ഞയാഴ്ച ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തവയാണ്. അപ്പോളാണ് നിർണയം എന്ന പദത്തെക്കുറിച്ച് അധികമായി ചിന്തിച്ചത്. നിർണയം തീർച്ചയും നിർണയനം തീർച്ചയാക്കലുമാണ്. അതായത് ഒരു കാര്യം തീർച്ച (നിർണയം)പ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന പ്രവൃത്തി (ക്രിയ)യാണ് നിർണയനം. പരീക്ഷയുടെ മൂല്യം നിർണയിക്കുന്നത് മൂല്യനിർണയനം നടത്തിയാണ്. അപ്പോൾ മൂല്യനിർണയം പുനരാരംഭിച്ചുയെന്നല്ല, മൂല്യനിർണയനം പുനരാരംഭിച്ചുയെന്നു പറയുന്നതാണു ശരി. ഇതുപോലെ രോഗമുണ്ടോയെന്നു സൗജന്യമായി പരിശോധിക്കുന്നക്യാമ്പിന് സൗജന്യരോഗനിർണയക്യാമ്പ് എന്നല്ല, സൗജന്യരോഗനിർണയനക്യാമ്പ് എന്നുതന്നെ എഴുതണം. അതു മറക്കരുത്.
ഇതു കൂടി ശ്രദ്ധിക്കൂ... വിമർശനം എന്നാൽ വിമർശിക്കുകയെന്ന വർത്തമാനകാല ക്രിയയാണ്. വിമർശം ആ ക്രിയയുടെ ഫലവും. ഒരു പുസ്തകത്തെക്കുറിച്ച് ഒരാൾ നടത്തുന്ന വിമർശനമാണ് നമ്മൾ വായിക്കുന്ന വിമർശം. ഇതുപോലെയുള്ള മറ്റു പദങ്ങളാണ്
സ്പർശം - സ്പർശനം ( ക്രിയ)
ഗൃഹപ്രവേശം - ഗൃഹപ്രവേശനം (ക്രിയ)
ആദരം - ആദരണം (ക്രിയ)
എന്നിവ.

Monday, May 11, 2020

വാക്കും ശരിയും 1

 1 പ്രിയ സ്നേഹിതരേ,

പുതിയൊരു പംക്തി ആരംഭിക്കുന്നു. നമുക്കു ചുറ്റും കാണുന്ന/ കേൾക്കുന്ന ഭാഷാപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പംക്തിയാണിത്. വായിക്കുന്നവരുടെ അറിവുകളും ഇവിടെ ചേർക്കുമല്ലോ.

                           വായ്പാനുമതി

 "വായ്പാനുമതി ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷ"മാകുമെന്ന് ഈയാഴ്ച വായിക്കാൻ ഇടയായി. വായ്പ ഒരു മലയാളപദമാണ്. അതുകൊണ്ടു തന്നെ ഇത് സംസ്കൃതസന്ധി നിയമം അനുസരിക്കേണ്ട പദമല്ല. അപ്പോൾ വായ്പായെന്ന് എഴുതുന്നതിനു പകരം വായ്പ മതി. ചേർത്തെഴുതുമ്പോൾ വായ്പയനുമതി എന്നും. സംസ്കൃതത്തിന്റെ സവർണ ദീർഘമെന്ന സന്ധിനിയമം ഇവിടെ ബാധകമല്ല. കാരണം, ചേർത്തെഴുന്ന പദങ്ങളിൽ ഒന്ന് മലയാളപദമാണെങ്കിൽ മലയാളത്തിന്റെ സന്ധിനിയമമാണ് അനുസരിക്കേണ്ടത്. അപ്പോൾ  വായ്പാപരിധി വേണ്ട.  വായ്പപ്പരിധി മതി.വായ്പക്കുടിശിക, വായ്പയിളവ്, വായ്പപ്പദ്ധതി...


                                                     
സാമൂഹ്യ അടിയന്തരാവസ്ഥ
ഈ പദം നമ്മൾ ഈ ആഴ്ച വായിക്കുകയും കേൾക്കുകയും ചെയ്തു. സാമൂഹ്യം എന്നൊരു പദം ഉണ്ടോ? സമൂഹത്തെ സംബന്ധിച്ചത് എന്ന അർത്ഥം കിട്ടണമെങ്കിൽ സാമൂഹികം എന്നു പ്രയോഗിക്കണം. സാമൂഹികം എന്ന പദം ഇവിടെ അടിയന്തരാവസ്ഥയെ വിശേഷിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. അപ്പോൾ സാമൂഹികാടിയന്തരാവസ്ഥ എന്നു ചേർത്തെഴുതുന്നതാണ് ശരി. സാമൂഹ്യ ജീവിതം, സാമൂഹ്യ വിപ്ലവം, സാമൂഹ്യ വ്യവസ്ഥ, സാമൂഹ്യ അടുക്കള, സാമൂഹ്യ ശുചിത്വം, സാമൂഹ്യ പ്രവർത്തനം, സാമൂഹ്യ ബന്ധം എന്നിവയ്ക്കു പകരമായി സാമൂഹികജീവിതം, സാമൂഹികവിപ്ലവം, സാമൂഹികവ്യവസ്ഥ, സാമൂഹികയടുക്കള, സാമൂഹികശുചിത്വം, സാമൂഹികപ്രവർത്തനം, സാമൂഹികബന്ധം എന്നിങ്ങനെ പ്രയോഗിക്കുന്നതാണു ശരി. അപ്പോൾ ഒന്നു ചിന്തിക്കൂ, നമുക്കു സാമൂഹ്യപാഠം വേണോ സാമൂഹികപാഠം വേണോ?

                       വീട്ടിൽ ഊണ്
യാത്രകൾ ചെയ്യുന്നതിൽ വളരെയധികം താല്പര്യമുളളവരാണല്ലോ നമ്മൾ. ആ യാത്രയിൽ എന്തെല്ലാം കാഴ്ചകൾ ചുറ്റിലും നാം കാണുന്നു. അതിൽ ഞാൻ കണ്ട ഒരു പരസ്യത്തെക്കുറിച്ച് ആകട്ടെ നമ്മുടെ ഇന്നത്തെ ചർച്ച. ഹോട്ടലെന്നതിനു പകരം പലയിടത്തും ഗ്രാമപ്രദേശങ്ങളിൽ വീട്ടിൽ ഊണ്  എന്നെഴുതിയ ബോർഡ് കാണാം. സ്വന്തം വീട്ടിലെ പോലെ രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലമെന്നാണർത്ഥം. ആവാം, ആയിരിക്കാം. പക്ഷേ, ബോർഡ് ഒന്നുകൂടി നോക്കു . വീട്ടിലൂണ്   എന്നു ചേർത്തെഴുതുന്നതല്ലേ  വീട്ടിൽ  ഊണ് എന്നെഴുതുന്നതിനേക്കാൾ  സുന്ദരവും മനോഹരവും. അപ്പോഴും ചിലർക്ക് തോന്നും ചേർത്തെഴുതിയില്ലെങ്കിലെന്ത് ആശയം മനസ്സിലായാൽ പോരേയെന്ന്. മതിയോ?
ഇലയിൽ ഊണ്, നാണി അമ്മുമ്മ, സൗജന്യ അരി എന്നിങ്ങനെ എഴുതുന്നതിലും എത്രയോ നല്ലത് ഇലയിലൂണ്, നാണിയമ്മുമ്മ, സൗജന്യയരി എന്നതാണ്.

                      നല്ല വൃത്തിയ്ക്ക്

ഒരു പരസ്യത്തിൽ കണ്ടത് ഇത്തരത്തിലാണ്.
'
നല്ല വൃത്തിയ്ക്ക് '. ഇങ്ങനെ എഴുതേണ്ടതുണ്ടോ? വൃത്തിയുടെ കൂടെ 'ക്ക്' ചേർക്കുമ്പോൾ ഇടയ്ക്ക് യകാരം വേണോ? ഒരു കാര്യം നമ്മൾ ഓർത്തിരുന്നാൽ മതി. ആദ്യ പദത്തിന്റെ (ഇവിടെ വൃത്തി) അവസാനം ഇ, , , , ഐ എന്നിവ വന്നാൽ പിന്നീട് യകാരം ചേർക്കേണ്ട. ഇവിടെ വൃത്തിയുടെ അവസാനം നിൽക്കുന്ന സ്വരം ഇ ആണ്. അതിനാൽ വൃത്തി എന്ന പദത്തിനു ശേഷം യ ചേർക്കേണ്ടതില്ല. വൃത്തിക്ക് എന്നെഴുതിയാൽ മതി. തളിക്കുക, കുമാരിക്ക്, നാട്ടിലേക്ക്, മാലതിക്ക്, ആകാശത്തേക്ക്, തുണിക്ക്, കൈക്ക്, തീക്കുള്ളിൽ, മുറ്റത്തേക്ക്, അവിടേക്ക്, ചിരിക്കുക, പാടത്തേക്ക് എന്നിവ ശ്രദ്ധിക്കുക. എന്നാൽ ഇതിന് അപവാദങ്ങൾ സൂക്ഷ്മമായി നോക്കിയാൽ കണ്ടെത്താവുന്നതെയുള്ളൂ. ഒരു വഴക്കം അവതരിപ്പിച്ചു എന്നു മാത്രം.

.                  വായനാ ചലഞ്ച്*
പുതിയതായി ആരോ രൂപം കൊടുത്ത ഈ പദം കഴിഞ്ഞ ദിവസം നമ്മൾ കേട്ടു. എന്തിനാണു വായനാ എന്നെഴുതുന്നത്? വായന ഒരു മലയാളപദമാണ്. മലയാളഭാഷയിലേക്ക് ഒരു പദം കടന്നു വരുമ്പോൾ അത് അനുസരിക്കേണ്ടത് മലയാളനിയമമാണ്. മലയാളത്തിൽ വായനയെന്നാണു രൂപം. പിന്നെങ്ങനെ വായനാ ചലഞ്ചായി. കേൾക്കാനുള്ള സുഖമാകണം കാരണമെങ്കിലും വായനചലഞ്ചാണ് ശരിയായ പ്രയോഗം. അതുപോലെ പാചകചലഞ്ചും. നമ്മൾ വായനാദിനം, വായനാമത്സരം, എന്നൊക്കെ തെറ്റായി പ്രയോഗിക്കാറുണ്ട്. എന്നാൽ വേണ്ടതു വായനമത്സരവും വായനദിനവും വായനവാരവും ആണെന്നു മറക്കരുത്. അടുത്ത സമയത്ത് ഒരു പുസ്തകത്തിലിങ്ങനെ വായിച്ചു. "വായനാശീലം തോമസിനെ ദിനപ്പത്രത്തിലേക്ക് അടുപ്പിച്ചു". ഇവിടെ വായനാശീലം ആവശ്യമില്ല. വായനശീലം മതി.അതു പോലെ  വായനസമൂഹം നമുക്കുള്ളമ്പോൾ എന്തിനാണ്  വായനാസമൂഹം

Friday, April 12, 2019

പദലളിതം 39

                                                                                  നാകം 
 നാകമെന്ന പദം സ്വർഗമെന്നർത്ഥത്തിൽ കേൾക്കാത്തവർ ചുരുക്കം. എങ്ങനെ ആ പദത്തിന് സ്വർഗമെന്നർത്ഥം കിട്ടിയെന്ന് ചിന്തിച്ചു നോക്കു.സംസ്ക്യത പുല്ലിംഗശബ്ദമായ നാകം, ന+ അകം എന്നാണ് പിരിച്ചെഴുതേണ്ടത്.അകത്തിന് പാപമെന്നർത്ഥം. ന യ്ക്ക് ഇല്ലയെന്നും. അപ്പോൾ പാപമില്ലാത്ത ,സുഖമുള്ള സ്ഥലം നാകം ( സ്വർഗo). അപ്പോൾ നാകീ (ദേവൻ),നാകു(വാല്മീകി ) ഇവ നമുക്ക് ചിന്തിച്ചു നോക്കാവുന്നതെയുള്ളു.
                                                                           വിലസുക
വിലസുകയെന്ന പദം കേൾക്കാത്തവർ ചുരുക്കം. അഹങ്കരിക്കുകയെന്നർത്ഥമതി നിപ്പോൾ ഉണ്ട്. എന്നാൽ എന്താണ് ആ പദത്തിന്റെ അർത്ഥം?. വിശേഷപ്പെട്ട രീതിയിൽ ശോഭിക്കുകയെന്നർത്ഥം. മറ്റുള്ളവരിൽ നിന്ന്  വ്യത്യസ്തമായി പെരുമാറുന്നവരെന്നാണ് ആ പദത്തിനർത്ഥം. അപ്പോൾ വിലാസിനിവിലാസം എന്നിവയുടെ അർത്ഥത്തെ ക്കുറിച്ച് ചിന്തിച്ച് നോക്കു. വിലാസം വിശേഷാർഥകമായ ശബ്ദമാണ്. സ്ത്രീകളുടെ ഭാവംഹാവംഹേലം തുടങ്ങി ശൃംഗാരപ്രധാനങ്ങളായ 28 ചേഷ്ടകളിലൊന്നാണ് വിലാസം. വിലാസമറിയുന്നവൾ വിലാസിനി.
"ഭാവം മാറി ഹാവമായി
ഹാവം മാറി ഹേലമായി
പൂവല്മേനി പുളകത്താൽ
ഭൂഷിതമായി"
ഇങ്ങനെയൊരു നതോന്നതാശീല് ഓർമയിൽ വിലസുന്നു.
ചുണ്ടുകടിച്ചു ചുവപ്പിക്കലും സാരിത്തുമ്പു പിടിച്ചിടലും കാല്നഖംകൊണ്ട് ചിത്രം വരയ്ക്കലും ഒക്കെ വിലാസങ്ങളാണ്.

                                                                         അലസന്‍
അലസൻ_ മടിയനെന്നർത്ഥത്തിൽ നാം ഉപയോഗിക്കുന്ന പദമാണ് അലസൻ. എന്നാൽ ഇതിന്റെ അർത്ഥം ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. വളരെ രസകരമായിരിക്കും അർത്ഥം.ലസ് _ ശോഭിക്കുകയെന്നാണർത്ഥം. അപ്പോൾ ശോഭിയ്ക്കാത്തവനാണ് അലസൻ, മടിയനല്ല.
                                                                            കാളന്‍ 

കാളനെന്ന പദം കേൾക്കാത്തവരും ഉപയോഗിക്കാത്തവരും ചുരുക്കം. മോര് കറിയാണല്ലോ കാളൻ. മോരുകരിയ്ക്ക് എങ്ങനെ ഈ പേര് ലഭിച്ചു.കാളുകയെന്ന പദത്തിന് ദഹിപ്പിക്കുകയെന്നർത്ഥമുണ്ട്.  ഭക്ഷണം കഴിക്കുമ്പോൾ അവസാനയിനമാണല്ലോ കാളൻ. കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കുന്നവൻ.അപ്പോൾ കാളയെന്ന പദത്തെക്കുറിച്ച് ചിന്തിച്ച് നോക്കു. മോരിൽ  lactic acid എന്ന ( പുളിപ്പുളള) അമ്ലം ഉണ്ട്. 1) പ്രതിരോധശക്തി കൂട്ടും. 2) Enzymes വരുത്തി  ദഹനശക്തി കൂട്ടും. 3) Calcium, magnesium, copper, iron എന്നിവ വലിച്ചെടുക്കാൻ സഹായിക്കും.
                               കോഴി 
കോഴി എന്ന പദം കേൾക്കാത്തവർ ചുരുക്കം. മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്ന പക്ഷികളിൽ ഒന്ന്. കോഴിയെന്ന പേര് എങ്ങനെ ലഭിച്ചുയെന്ന ചിന്തിച്ചിട്ടുണ്ടോ?.ആലോചിച്ചുനോക്കു അതിന്റെ രൂപം.കോടിയത് (വളഞ്ഞത്)_കോടി.കോട്ടംകോടുക എന്നിപ്രയോഗങ്ങൾ ഭാഷയിൽ ഉണ്ട്. കോടി കോഴിയായതാവാം.ട_ഴ വിനിമയം ഉണ്ടായിരുന്നിരിക്കാം. അല്ലെങ്കിൽ ഉച്ചാരണത്തിലൂടെ