Monday, May 11, 2020

വാക്കും ശരിയും 1

 1 പ്രിയ സ്നേഹിതരേ,

പുതിയൊരു പംക്തി ആരംഭിക്കുന്നു. നമുക്കു ചുറ്റും കാണുന്ന/ കേൾക്കുന്ന ഭാഷാപരമായ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന പംക്തിയാണിത്. വായിക്കുന്നവരുടെ അറിവുകളും ഇവിടെ ചേർക്കുമല്ലോ.

                           വായ്പാനുമതി

 "വായ്പാനുമതി ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷ"മാകുമെന്ന് ഈയാഴ്ച വായിക്കാൻ ഇടയായി. വായ്പ ഒരു മലയാളപദമാണ്. അതുകൊണ്ടു തന്നെ ഇത് സംസ്കൃതസന്ധി നിയമം അനുസരിക്കേണ്ട പദമല്ല. അപ്പോൾ വായ്പായെന്ന് എഴുതുന്നതിനു പകരം വായ്പ മതി. ചേർത്തെഴുതുമ്പോൾ വായ്പയനുമതി എന്നും. സംസ്കൃതത്തിന്റെ സവർണ ദീർഘമെന്ന സന്ധിനിയമം ഇവിടെ ബാധകമല്ല. കാരണം, ചേർത്തെഴുന്ന പദങ്ങളിൽ ഒന്ന് മലയാളപദമാണെങ്കിൽ മലയാളത്തിന്റെ സന്ധിനിയമമാണ് അനുസരിക്കേണ്ടത്. അപ്പോൾ  വായ്പാപരിധി വേണ്ട.  വായ്പപ്പരിധി മതി.വായ്പക്കുടിശിക, വായ്പയിളവ്, വായ്പപ്പദ്ധതി...


                                                     
സാമൂഹ്യ അടിയന്തരാവസ്ഥ
ഈ പദം നമ്മൾ ഈ ആഴ്ച വായിക്കുകയും കേൾക്കുകയും ചെയ്തു. സാമൂഹ്യം എന്നൊരു പദം ഉണ്ടോ? സമൂഹത്തെ സംബന്ധിച്ചത് എന്ന അർത്ഥം കിട്ടണമെങ്കിൽ സാമൂഹികം എന്നു പ്രയോഗിക്കണം. സാമൂഹികം എന്ന പദം ഇവിടെ അടിയന്തരാവസ്ഥയെ വിശേഷിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. അപ്പോൾ സാമൂഹികാടിയന്തരാവസ്ഥ എന്നു ചേർത്തെഴുതുന്നതാണ് ശരി. സാമൂഹ്യ ജീവിതം, സാമൂഹ്യ വിപ്ലവം, സാമൂഹ്യ വ്യവസ്ഥ, സാമൂഹ്യ അടുക്കള, സാമൂഹ്യ ശുചിത്വം, സാമൂഹ്യ പ്രവർത്തനം, സാമൂഹ്യ ബന്ധം എന്നിവയ്ക്കു പകരമായി സാമൂഹികജീവിതം, സാമൂഹികവിപ്ലവം, സാമൂഹികവ്യവസ്ഥ, സാമൂഹികയടുക്കള, സാമൂഹികശുചിത്വം, സാമൂഹികപ്രവർത്തനം, സാമൂഹികബന്ധം എന്നിങ്ങനെ പ്രയോഗിക്കുന്നതാണു ശരി. അപ്പോൾ ഒന്നു ചിന്തിക്കൂ, നമുക്കു സാമൂഹ്യപാഠം വേണോ സാമൂഹികപാഠം വേണോ?

                       വീട്ടിൽ ഊണ്
യാത്രകൾ ചെയ്യുന്നതിൽ വളരെയധികം താല്പര്യമുളളവരാണല്ലോ നമ്മൾ. ആ യാത്രയിൽ എന്തെല്ലാം കാഴ്ചകൾ ചുറ്റിലും നാം കാണുന്നു. അതിൽ ഞാൻ കണ്ട ഒരു പരസ്യത്തെക്കുറിച്ച് ആകട്ടെ നമ്മുടെ ഇന്നത്തെ ചർച്ച. ഹോട്ടലെന്നതിനു പകരം പലയിടത്തും ഗ്രാമപ്രദേശങ്ങളിൽ വീട്ടിൽ ഊണ്  എന്നെഴുതിയ ബോർഡ് കാണാം. സ്വന്തം വീട്ടിലെ പോലെ രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലമെന്നാണർത്ഥം. ആവാം, ആയിരിക്കാം. പക്ഷേ, ബോർഡ് ഒന്നുകൂടി നോക്കു . വീട്ടിലൂണ്   എന്നു ചേർത്തെഴുതുന്നതല്ലേ  വീട്ടിൽ  ഊണ് എന്നെഴുതുന്നതിനേക്കാൾ  സുന്ദരവും മനോഹരവും. അപ്പോഴും ചിലർക്ക് തോന്നും ചേർത്തെഴുതിയില്ലെങ്കിലെന്ത് ആശയം മനസ്സിലായാൽ പോരേയെന്ന്. മതിയോ?
ഇലയിൽ ഊണ്, നാണി അമ്മുമ്മ, സൗജന്യ അരി എന്നിങ്ങനെ എഴുതുന്നതിലും എത്രയോ നല്ലത് ഇലയിലൂണ്, നാണിയമ്മുമ്മ, സൗജന്യയരി എന്നതാണ്.

                      നല്ല വൃത്തിയ്ക്ക്

ഒരു പരസ്യത്തിൽ കണ്ടത് ഇത്തരത്തിലാണ്.
'
നല്ല വൃത്തിയ്ക്ക് '. ഇങ്ങനെ എഴുതേണ്ടതുണ്ടോ? വൃത്തിയുടെ കൂടെ 'ക്ക്' ചേർക്കുമ്പോൾ ഇടയ്ക്ക് യകാരം വേണോ? ഒരു കാര്യം നമ്മൾ ഓർത്തിരുന്നാൽ മതി. ആദ്യ പദത്തിന്റെ (ഇവിടെ വൃത്തി) അവസാനം ഇ, , , , ഐ എന്നിവ വന്നാൽ പിന്നീട് യകാരം ചേർക്കേണ്ട. ഇവിടെ വൃത്തിയുടെ അവസാനം നിൽക്കുന്ന സ്വരം ഇ ആണ്. അതിനാൽ വൃത്തി എന്ന പദത്തിനു ശേഷം യ ചേർക്കേണ്ടതില്ല. വൃത്തിക്ക് എന്നെഴുതിയാൽ മതി. തളിക്കുക, കുമാരിക്ക്, നാട്ടിലേക്ക്, മാലതിക്ക്, ആകാശത്തേക്ക്, തുണിക്ക്, കൈക്ക്, തീക്കുള്ളിൽ, മുറ്റത്തേക്ക്, അവിടേക്ക്, ചിരിക്കുക, പാടത്തേക്ക് എന്നിവ ശ്രദ്ധിക്കുക. എന്നാൽ ഇതിന് അപവാദങ്ങൾ സൂക്ഷ്മമായി നോക്കിയാൽ കണ്ടെത്താവുന്നതെയുള്ളൂ. ഒരു വഴക്കം അവതരിപ്പിച്ചു എന്നു മാത്രം.

.                  വായനാ ചലഞ്ച്*
പുതിയതായി ആരോ രൂപം കൊടുത്ത ഈ പദം കഴിഞ്ഞ ദിവസം നമ്മൾ കേട്ടു. എന്തിനാണു വായനാ എന്നെഴുതുന്നത്? വായന ഒരു മലയാളപദമാണ്. മലയാളഭാഷയിലേക്ക് ഒരു പദം കടന്നു വരുമ്പോൾ അത് അനുസരിക്കേണ്ടത് മലയാളനിയമമാണ്. മലയാളത്തിൽ വായനയെന്നാണു രൂപം. പിന്നെങ്ങനെ വായനാ ചലഞ്ചായി. കേൾക്കാനുള്ള സുഖമാകണം കാരണമെങ്കിലും വായനചലഞ്ചാണ് ശരിയായ പ്രയോഗം. അതുപോലെ പാചകചലഞ്ചും. നമ്മൾ വായനാദിനം, വായനാമത്സരം, എന്നൊക്കെ തെറ്റായി പ്രയോഗിക്കാറുണ്ട്. എന്നാൽ വേണ്ടതു വായനമത്സരവും വായനദിനവും വായനവാരവും ആണെന്നു മറക്കരുത്. അടുത്ത സമയത്ത് ഒരു പുസ്തകത്തിലിങ്ങനെ വായിച്ചു. "വായനാശീലം തോമസിനെ ദിനപ്പത്രത്തിലേക്ക് അടുപ്പിച്ചു". ഇവിടെ വായനാശീലം ആവശ്യമില്ല. വായനശീലം മതി.അതു പോലെ  വായനസമൂഹം നമുക്കുള്ളമ്പോൾ എന്തിനാണ്  വായനാസമൂഹം

2 comments:

  1. വായിക്കുന്നു. അറിയുന്നു. വീണ്ടും കാത്തിരിക്കുന്നു.

    ReplyDelete